“കരിക്ക് ” എന്നത് മലയാളിക്ക് ഒരു ആശ്വാസമാണ് , പ്രതീക്ഷയും !! കുറിപ്പ്

ടിങ്കു ജോണ്സണ് മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ കുറിച്ച പോസ്റ്റ് :

കൂട്ടം കൂടിയിരിക്കുന്ന കുറച്ചാളുകൾക്ക് ഇടയിൽ നിന്നും നിറം കുറഞ്ഞൊരാളെയോ , പൊക്കമില്ലാത്തൊരാളെയോ , മെലിഞ്ഞിരിക്കുന്ന ഒരാളെയോ തിരഞ്ഞെടുത്ത് വട്ടം കൂടിയിരിക്കുന്നവർ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ചിരിക്കുന്നതാണ് ഒരു ചാനലിലെ കോമഡിയുടെ ഒരു രീതി . ഒരുകാലത്തു നമ്മുടെ സിനിമയിൽ ഇന്ദ്രൻസ് ചേട്ടനെയും മണിച്ചേട്ടനെയുമൊക്കെ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുമുണ്ട് .

മറ്റൊരു ചാനലിലാണെങ്കിൽ ആരെയെങ്കിലും ഒരു രൂപം കെട്ടിക്കും .എന്നിട്ട്
ആ രൂപത്തിനെപ്പറ്റി എന്തൊക്കെ പറയുന്നുവോ അല്ലെങ്കിൽ കാണിക്കുന്നുവോ അതാണ് അവിടത്തെ തമാശ കാഴ്ചകൾ .
അതിനി സ്ത്രീ വേഷമാണെങ്കിൽ പറയുന്നതൊക്കെ എന്തൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു .

തീർന്നില്ല, സിനിമകളിലാണെങ്കിൽ തമാശയ്ക്ക് വേണ്ടി ചില പദപ്രയോഗങ്ങളുടെ തിരുകി കയറ്റമാണ് . ” നിന്റെ ‘അമ്മ വെടിക്കെട്ട് പീസാണോ ” എന്നൊരു പ്രയോഗം പോലും തമാശയെന്ന രൂപേണ ഒരു ന്യൂ ജനറേഷൻ എന്ന് വാദിക്കുന്ന സിനിമയിൽ കാണാനിടയായിട്ടുണ്ട് .

തമാശയില്ലെന്ന് മാത്രമല്ല അത്രയും അസഹനീയമാണ് ..

ഇതിൽ നിന്നുമൊക്കെ ഏത് പ്രേക്ഷകനാണ് ഒരു മോചനം ആഗ്രഹിക്കാത്തത് ?

സത്യം പറയാമല്ലോ ഇടയ്ക്ക് വന്ന ജനമൈത്രിയെന്ന സിനിമ മുകളിൽ നിന്നുമൊക്കെ വിഭിന്നമായി തമാശ പറഞ്ഞിട്ടുണ്ടെന്നാണ് തോന്നിയത് . എഴുതി പിടിപ്പിച്ച കൃത്രിമങ്ങളില്ലാതെ ഓരോ സാഹചര്യത്തതിനനുസരിച്ചു മോശമല്ലാത്ത രീതിയിൽ തമാശ പറഞ്ഞിട്ടുമുണ്ട് .

ഇങ്ങനെയൊക്കെയുള്ളിടത്താണ് കരിക്കിന്റെ വരവ് .

അതിഗംഭീരമെന്നൊന്നും പറയുന്നില്ല .
എന്നാൽ അതിഗംഭീര പ്രകടനങ്ങളുണ്ടായിട്ടുണ്ട് , അതോടൊപ്പം അത്രയും ചിരിപ്പിച്ച കഥാപാത്രങ്ങളും അവരുടേതിൽ നിന്നും ഉണ്ടായിട്ടുമുണ്ട് .


ചില എപ്പിസോഡുകളാകട്ടെ അത്രയും നിലവാരം കാണിച്ചിട്ടുമുണ്ട് .

കോമ്പിനേഷൻ സീനുകളിലെ അവരുടെ ഡയലോഗ് ഡെലിവറികളും പ്രകടനങ്ങളുമെല്ലാം ആ യുവാക്കളെ പ്രേക്ഷകരുടെ ഇഷ്ടങ്ങളിലോട്ട് കൊണ്ടെത്തിച്ചതുമാണ് .

കരിക്കിനു മനപ്പൂർവം ഹൈപ്പ് കൊടുക്കുന്നതാണെന്നോ ഓവർ റേറ്റഡ് ആണെന്നോ ഇത്രയും നിലവാരമില്ലെന്നോ എന്തൊക്ക പറഞ്ഞാലും ,

ആ മുകളിൽ പറഞ്ഞിരിക്കുന്നതിനേക്കാളുമൊക്കെ ഒരു അന്തസ് കരിക്കിന് എന്തായാലുമുണ്ട് .

അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നാ പ്രോഗ്രാം ഇവിടെ സ്വീകരിക്കപ്പെടുന്നതും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തുന്നതും …

“കരിക്ക് ” എന്നത് മലയാളിക്ക് ഒരു ആശ്വാസമാണ് , പ്രതീക്ഷയും !!