മൂന്നുവര്‍ഷം മുമ്ബ് ‘മരിച്ച’ ഭാര്യ അതിഥികളെ സ്വീകരിക്കാന്‍ ഗൃഹപ്രവേശന ചടങ്ങിലെത്തി; ഞെട്ടൽ മാറാതെ അതിഥികൾ

ഗൃഹപ്രവേശനത്തിനു മരിച്ചുപോയ ഭാര്യയുടെ പ്രതിമ വീട്ടിൽ സ്ഥാപിച്ചു കർണാടക വ്യവയസായി, കര്‍ണാടക കൊപ്പല്‍ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂര്‍ത്തി എന്നയാളാണ് ജീവിതത്തിലെ ഒരു പ്രധാന നിമിഷത്തില്‍ ഒപ്പമില്ലാത്ത ഭാര്യയുടെ വിയോഗം മറികടക്കാന്‍ ഈ വഴി തെരഞ്ഞെടുത്തത്. 2017 ല്‍ ഒരു വാഹനാപകടത്തിലാണ് മൂര്‍ത്തിക്ക് ഭാര്യയായ മാധവിയെ നഷ്ടമായത്. തിരുപ്പതിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഇയാളുടെ രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ മാധവിയുടെ മരണം കുടുംബത്തെ ആകെ തകര്‍ത്തു കളഞ്ഞു.

തുടര്‍ന്നാണ് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായ പുതിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രീനിവാസ മൂര്‍ത്തി ഇറങ്ങിത്തിരിച്ചത്.ആഗസ്ത് 8നായിരുന്നു മൂര്‍ത്തിയുടെ പുതിയതായി പണി കഴിപ്പിച്ച വീടിന്‍റെ ഗൃഹപ്രവേശം. ചടങ്ങിനെത്തിയവരെല്ലാം അതിശയിച്ചുപോയി. വീടിനകത്ത് അതാ സെറ്റിയില്‍ പിങ്ക് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചിരിയോടെ ഇരിക്കുന്നു മൂര്‍ത്തിയുടെ ഭാര്യ മാധവി. മൂന്ന് വര്‍ഷം മുന്‍പ് കാറപകടത്തില്‍ മരിച്ചുപോയ മാധവി എങ്ങിനെ ഇവിടെയെത്തിയെന്നായി എല്ലാവരുടെയും ചിന്ത.

ഭാര്യയോടുള്ള സ്നേഹത്താല്‍ അവരുടെ ഒരു പൂര്‍ണ്ണകായ പ്രതിമ തന്നെ മൂര്‍ത്തി നിര്‍മ്മിച്ചുവെന്ന് പിന്നീടാണ് അതിഥികള്‍ അറിയുന്നത്. മാധവിയുമായി അത്ര സാമ്യമാണ് പ്രതിമക്ക്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരുപത്തിയഞ്ചോളം ആര്‍ക്കിടെക്ടുമാരെ കണ്ടു.. ഭാര്യയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന ഈ ബംഗ്ലാവില്‍ അവര്‍ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന ഇയാളുടെ ആഗ്രഹത്തിനൊത്തുയരാന്‍ ഇവര്‍ക്ക് ആര്‍ക്കും കഴിഞ്ഞില്ല.. ഒടുവില്‍ ഒരു സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം മഹേഷ് രങ്കണ്ണദവരു എന്ന ആര്‍ക്കിടെക്റ്റിന്‍റെ അരികിലെത്തി.

മാധവിയുടെ അതേ രൂപത്തിലും വലിപ്പത്തിലും ഉള്ള പ്രതിമ വീട്ടില്‍ സ്ഥാപിക്കാമെന്ന നിര്‍ദേശം ഇയാളാണ് മുന്നോട്ട് വച്ചത്.മഹേഷ് തന്നെയാണ് ബംഗളൂരുവിലെ ഏറ്റവും മികച്ച പാവ നിര്‍മ്മാതാക്കളായ ഗോംബെ മനെയുടെ സേവനം ഏര്‍പ്പാടാക്കി തന്നതും.. നിരാശനാകേണ്ടി വരില്ലായെന്ന് ഉറപ്പു ലഭിച്ചതോടെ ഒരു വര്‍ഷം മുമ്ബാണ് ഭാര്യയുടെ രൂപത്തിലെ പാവ നിര്‍മ്മിക്കാന്‍ അവരെ ഏല്‍പ്പിച്ചത്. മാധവിയുടെ നിരവധി ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു.. ശ്രീനിവാസ് പറയുന്നു.