നിങ്ങൾ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെൻസ്ട്രൽ കപ്പാവട്ടെ;വൈറലായി നടി അനാർക്കലി മരിക്കാറുടെ അമ്മ ലാലിയുടെ പോസ്റ്റ്

നടിയും എഴുത്തുകാരിയുമായ ലാലി പി. എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. നടി അനാർക്കലി മരിക്കാറിന്റെ അമ്മ കൂടിയാണ് ലാലി.

ഫേസ്ബുക്ക് പോസ്റ്റ്

മെൻസസിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയിൽ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറക്പുരയുടെ കഴുക്കോലിനിടയിൽ കൊണ്ട് വക്കും. ആരും കാണാതെ വേണം ഈ പ്രൊസസ് എല്ലാം. കാരണം മെൻസസ് എന്നത് മുതിർന്ന സ്ത്രീകൾ രഹസ്യമായി മാത്രം സംസാരിക്കുന്ന വിഷയമാണ്.

പിന്നീട് കെയർ ഫ്രീ യൊക്കെ കോമണായെങ്കിലും വാങ്ങിക്കാൻ കാശൊക്കെയുണ്ടെങ്കിലും തുണി തരുന്ന കംഫർട്ട് മറ്റൊന്നും തന്നില്ല. കടയിൽ പോയി വാങ്ങാനുള്ള ചമ്മലും…..

എറണാകുളത്ത് താമസിക്കാനെത്തിയപ്പോഴാണ് പാഡ് അത്രമേൽ സ്ത്രീകളുടെ ആർത്തവ ജീവിതത്തോട് ചേർന്നു എന്ന് മനസിലാകുന്നത്. തുണി ഉപയോഗിക്കുന്നതൊക്കെ വെറും കണ്ട്രി ഫെലോ ആയും അതിശയമായും ഒക്കെ മാറി.

ഫ്ളാറ്റുകളിലൊക്കെ ഈ പാഡുകൾ ഉണ്ടാക്കുന്ന അസൗകര്യങ്ങൾ നിസാരമായിരുന്നില്ല. മിക്കവരും ക്ലോസറ്റിൽ ഉപയോഗിച്ച നാപ്കിൻസ് ഇട്ട് ഫ്ള ഷ് ചെയ്ത് കക്കൂസ് പൈപ്പുകളിലൊക്കെ ബ്ലോക്കുണ്ടാകുന്നത് ഒരു സ്ഥിരം സംഭവമായി. പിന്നെ പബ്ളിക്ക് ടോയ്ലറ്റുകളുടെ ഉൾവശത്തൊക്കെ വേസ്റ്റ് ബിൻ ഒക്കെ നിറഞ്ഞ് നിലത്തൊക്കെ കിടന്ന് അത് വെള്ളവുമായി ചേർന്ന് അറപ്പിക്കുന്നതും ദുർഗ്ഗന്ധം നിറഞതുമായ കാഴ്ചയായി അത് മാറുന്നുണ്ട്.

ഏറ്റവും വിഷമം തോന്നിയത് നമ്മുടെ വേസ്റ്റ് എടുത്തോണ്ട് പോവുന്ന ആൾക്കാർ പരാതിയായി പറയുന്നത് കേൾക്കുമ്പഴായിരന്നു. നല്ലപോലെ പൊതിയാതെ വേസ്റ്റ് ബിന്നിലിട്ട് ചിലപ്പോഴൊക്കെ ഇത് കവറൊക്കെ പൊട്ടി ചിതറി അവരതൊക്കെ എടുത്ത് കളയേണ്ടി വരുന്നുണ്ട്. മാസം തോറും അൻപതോ നൂറോ മേടിക്കുന്നതിൻ്റെ പേരിൽ അവർ അത് ചെയ്യാൻ വിധിക്കപ്പെട്ടവരാകുന്നു.

മെൻസ്ട്രുവൽ കപ്പിനെപ്പറ്റി കുറേ പേരൊക്കെ എഴുതിക്കണ്ടെങ്കിലും ഈ വൈകിയ വേളയിൽ ഒരു പരിഷ്ക്കാരിയാവാൻ താൽപര്യമില്ലാത്തത് കൊണ്ട് പഴയ തുണിയിലൊക്കെ തന്നെയായിരുന്നു ഞാൻ അഭയം കണ്ടെത്തിയത്.

മക്കൾ ടെ നിർബന്ധം കൊണ്ടാണ് ഒട്ടേറെ സംശയത്തോടെ അതുപയോഗിക്കാൻ തീരുമാനിച്ചത്.
3 ദിവസങ്ങൾ !

തുണി കഴുകലില്ല വിരിക്കലില്ല. ഓവർ ഫ്ളോയെ പറ്റി ചിന്തയില്ല. ആകപ്പാടെ സന്തോഷം.
കുറച്ച് വണ്ണമുള്ള ദേഹമായതോണ്ട് നടക്കുമ്പോൾ ഉരഞ്ഞ് പൊട്ടുന്നതിനാൽ ആ ദിവസങ്ങളിൽ മോണിംഗ് വാക്കിങ്ങ് പോലുമൊഴിവാക്കിയിരുന്നു. കപ്പുപയോഗിച്ചത് കൊണ്ട് അതും നടന്നു. സാധാരണയുള്ള ചെറിയ നനവു പോലുമില്ലാതെ. ജട്ടി ഇട്ടില്ലേൽ പോലും കുഴപ്പമില്ലാത്ത അവസ്ഥ..

നമ്മൾ സ്ത്രീകൾ നമുക്ക് കിട്ടിയ ഈ സൗകര്യം, ഭാഗ്യം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നൊ രപേക്ഷയുണ്ട്.
സൗകര്യവും സാമ്പത്തിക ലാഭവും
മാത്രമല്ല. ലോക ജനസംഖ്യയിൽ പകുതിയിലേറെയുള്ള സ്ത്രീകൾ ഉണ്ടാക്കുന്ന പേഴ്സണൽ വേസ്റ്റിൽ നിന്നും പ്രകൃതിയെ മോചിപ്പിക്കേണ്ടതുണ്ട്. പ്രളയം നമ്മുടെ നദികളിൽ നിക്ഷേപിക്കുന്ന വേസ്റ്റുകളിൽ നല്ലൊരു പങ്ക് സാനിറ്ററി നാപ്കിനായിരുന്നൂവെന്ന് പറയപ്പെടുന്നു.

എൻ്റെ പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങൾ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെൻസ്ട്രൽ കപ്പാവട്ടെ. അതവളുടെ ഏറ്റവും അടിസ്ഥാന പ്രശ്നത്തോടുമുള്ള കരുതലാകും.
അതുപയോഗിക്കുമ്പോൾ അവർ നിങ്ങളെ ഓർക്കാതിരിക്കില്ല. 😀 കൂടുതൽ സ്നേഹത്തോടെയും നന്ദിയോടെയും പ്രണയത്തോടെയും . <3 <3 <3 എല്ലാ പെണ്ണുങ്ങൾക്കും HAPPY BLEEDING ..