ലോക് ഡൗൺ ആയതോടെ പരസ്പരം കാണാതിരിക്കാനാകാതെ കാമുകിയും കാമുകനും; കണ്ടെയ്ന്‍മെന്റ് സോണില്‍ ഒളിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് മുങ്ങി;വിവാഹിതരായതിനു തൊട്ടു പിന്നാലെ ഇരുവരെയും പോലീസ് പൊക്കി

തുറവൂർ പഞ്ചായത്തിൽ കൺഡൈന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച സ്ഥലത്തുനിന്നും ഒളിച്ചോടി വിവാഹം കഴിച്ച യുവതിക്കും യുവാവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണിന്റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെണ്‍കുട്ടിക്കെതിരെയുമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. തുറവൂര്‍ പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായ നാലാം വാര്‍ഡിലാണ് സംഭവം. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവിന് 22 വയസുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് വേണ്ടി കാത്തിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്.

18 വയസ്സ് പൂർത്തിയായ പെൺകുട്ടി ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം കൂടി വന്നതിനുശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചിരിക്കുമ്പോൾ ആണ് കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണില്‍ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വഴികള്‍ അടച്ചിരുന്നു. സദാസമയവും പോലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് അകത്തുകടന്ന യുവാവ് പുലര്‍ച്ചെ മൂന്നിന് പെണ്‍കുട്ടിയുമായി മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കുറിച്ച് അന്വേഷണമാരംഭിച്ചത്. പരവൂരിലെ ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്. തുടര്‍ന്ന് ഇരുവരും സുഹൃത്തിന്റെയും ബന്ധുവിന്റെയും വീടുകളില്‍ പോയി.