വിവാഹശേഷം വീട്ടുകാർ പെൺകുട്ടിയെ തട്ടികൊണ്ട് പോയി, പ്രാർത്ഥനയോടെ കാത്തിരിപ്പുമായി ശ്രീനാഥ്!

Shivakami Missing Case
Shivakami Missing Case

കോലഞ്ചേരിയിൽ വിവാഹ ശേഷം യുവതിയുടെ അച്ഛൻ അയച്ച സംഘം ഭർത്താവിന്റെ അടുക്കൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. ഭർത്താവിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും മർദിച്ചതിനു ശേഷമാണ് സംഘം പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. സംഭവത്തിൽ പരാതിയുമായി യുവതിയുടെ ഭർത്താവായ ശ്രീനാഥ് കോടതിയെ സമീപിച്ചു. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ശ്രീനാഥും പെൺകുട്ടിയും. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ കോടതിയിൽ ഹാജരായതിനു ശേഷം തിരികെ വരുമ്പോഴാണ് പെൺകുട്ടിയെ നാല് കാറുകളിലായി വന്ന സംഘം തട്ടികൊണ്ട് പോയതെന്നാണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീനാഥ് പറയുന്നത്. പോലീസിൽ പരാതി നൽകിയെങ്കിലും തൃപ്തികരമായ നടപടികൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും തന്റെ ഭര്യയെ കണ്ടെത്തിത്തരണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് കാത്തിരിക്കുകയാണ് യുവാവ് ഇപ്പോൾ.

നാലു വർഷം മുമ്പാണ് ബിഎഎംസ് വിദ്യാർഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി ശ്രീനാഥ് പ്രണയത്തിലാകുന്നത്. ബെംഗളൂരുവിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ ആയിരുന്നു ശ്രീനാഥും ശിവകാമിയും തമ്മിൽ പരിചയപ്പെടുന്നത്. ശിവകാമിയുടെ വീട്ടിൽ വിവാഹാലോചനകൾ ശക്തമായതോടെ ഇരുവരും കേരളത്തിൽ എത്തുകയും ക്വാറന്റീൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ജൂലൈ ഏഴിന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവീക്ഷേത്രത്തിലെത്തി വിവാഹം നടത്തി. മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു.

ആദ്യം സ്നേഹത്തോടെ പെരുമാറിയ വീട്ടുകാർ സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലുള്ള ശ്രീനാഥിന്റെ വീട്ടിലെത്തി. ആദ്യം അനുനയിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി തയാറായില്ല. ഇതോടെ ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാൽ കൊണ്ടുപോയില്ല. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ശിവകാമിയുടെ അച്ഛൻനൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിളിച്ചതനുസരിച്ചാണു യുവതിയുമായി യുവാവ് കോലഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തുന്നത്. മിസിങ് കേസ് ഫയൽ ചെയ്തിരുന്നതിനാൽ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കേണ്ടി വന്നു. കോലഞ്ചേരി കോടതിയിലെത്തിച്ച് പെൺകുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ ഭർത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ യുവാവിനൊപ്പം വിടുകയും ചെയ്തു.

ഇവിടെ നിന്നും വരുന്ന വഴിയാണ് പെൺകുട്ടിയെ നാല് കാറുകളിലായി വന്ന സംഘം തട്ടികൊണ്ട് പോയത്. ആളൊഴിഞ്ഞതും CCTV ഇല്ലാത്തതുമായ സ്ഥലത്ത് എത്തിയപ്പോൾ ഇവർ തങ്ങൾ സഞ്ചരിച്ചിരുന്ന കാറിനു മുന്നിൽ അവരുടെ വണ്ടികൾ വട്ടം വെയ്ക്കുകയായിരുന്നുവെന്നും തുടർന്ന് തന്നെയും കൂടെയുണ്ടായിരുന്നവരെയും മർദിച്ചതിനു ശേഷം ശിവകാമിയെ തട്ടികൊണ്ട് പോകുകയായിരിക്കുന്നുവെന്നുമാണ് യുവാവ് ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പോലീസുകാരാരുടെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണം ഉണ്ടായില്ല. സംഭവം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് കോടതി വിളിക്കാഞ്ഞപ്പോൾ വക്കീലും ഉരുണ്ടു മറിയുകയായിരുന്നുവെന്നു ശ്രീനാഥിന് മനസിലായി. തുടർന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് കാത്തിരിക്കുകയാണ് ശ്രീനാഥ്.

എത്രയും പെട്ടെന്ന് കോടതി ഇടപെട്ട് ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്നാണ് ശ്രീനാഥിന്റെ ആവശ്യം. ഈ സമയം കൊണ്ട് മനസ്സ് മാറ്റി അവളെ തന്നിൽനിന്ന് അകറ്റാനാണ് ശ്രമമെങ്കിൽ അത് അവൾ തന്നെ നേരിട്ടു പറയണം. അവൾ എവിടെ ആയിരുന്നാലും ആരും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും അറിഞ്ഞാൽ മതി. എത്ര കാലം വേണമെങ്കിലും അവൾക്കായി കാത്തിരിക്കാൻ തയാറാണെന്നും ശ്രീനാഥ് പറയുന്നു.